ആ മലർക്കാലത്തിൻ ഓർമ്മകളിൽ
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

സംഗീതത്തെ നെഞ്ചോട് ചേർക്കുന്ന ഒരു കലാകാരന്റെ ഹൃദയത്തുടിപ്പുകളാണ് ഈ പുസ്തകത്തിൽ..സംഗീതത്തെ നെഞ്ചോട് ചേർക്കുന്ന ഒരു കലാകാരന്റെ ഹൃദയത്തുടിപ്പുകളാണ് ഈ പുസ്തകത്തിൽ. സംഗീതലോകത്തെ, വാക്കുകളിലൂടെ വരച്ചുവയ്ക്കുന്ന ഈ കലാകാരന്റെ സാമൂഹ്യപ്രതിബദ്ധതയും ഉൾക്കാഴ്ചയും പുതിയൊരു വായനാനുഭവം നൽകുന്നവയാണ്. 

Product: ആ മലർക്കാലത്തിൻ ഓർമ്മകളിൽ are being added to cart ...
x
x
Product: ആ മലർക്കാലത്തിൻ ഓർമ്മകളിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സിനിമയിൽ ഗാനരചന നിർവ്വഹിച്ച പല എഴുത്തുകാരുടെയും പൂർവ്വകാലത്തെ നാം മറക്കുന്നുവോ? പി ഭാസ്‌കരനും ഒ എൻ വിയും വയലാറും ഒക്കെ സിനിമാരംഗത്ത് കടക്കുന്നതിനുമുമ്പുള്ള അവരുടെ സംഭാവനകളെ പാടേ മാറ്റിവയ്ക്കുകയാണ് പലപ്പോഴും. എന്നാൽ സിനിമയിലെ ഗാനങ്ങളേക്കാളും ചരിത്രപ്രാധാന്യമുള്ളവയാണ് അവയിൽ പലതും. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ കേട്ട പല പാട്ടുകളും ഒ എൻ വിയുടേതായിരുന്നു. പി ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങൾ സ്വാതന്ത്ര്യസമര ചരിത്രവുമായിത്തന്നെ ബന്ധപ്പെടുന്നു. സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽത്തന്നെ, അദ്ദേഹം ബഹുമാനിക്കപ്പെടുന്നുണ്ട്. സിനിമാപ്പാട്ടുകളിലും ഈ കാഴ്ചപ്പാട് ഇവരൊക്കെ നിലനിർത്തിയിട്ടുമുണ്ട്.

പി ഭാസ്‌കരൻ മാസ്റ്ററുടെ സർഗ്ഗാത്മകലോകം വളരെ വിസ്തൃതമാണ്. കവി, ഗാനരചയിതാവ്, നടൻ, നിർമ്മാതാവ്, സംവിധായകൻ, പ്രക്ഷേപകൻ എന്നിങ്ങനെ പോകുന്നു അത്. ഇതിനെല്ലാമപ്പുറം നമ്മുടെ ദേശീയ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെ നിരയിൽ ഈ കവിയുടെ പേരും ഉൾപ്പെടുന്നു. മാസ്റ്ററുടെ ഗാനങ്ങളെത്തന്നെ പലഘട്ടങ്ങളിലായി ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.  ഒരനുസ്മരണലേഖനത്തിൽ മഹാകവി അക്കിത്തം ഇങ്ങനെ പറയുന്നു. 'സത്യം പറഞ്ഞാൽ ഭാസ്കരനാണ് മലയാള സിനിമയിലെ എന്നല്ല മലയാള ഭാഷയിലെതന്നെ ലളിതസംഗീത പാരമ്പര്യത്തിന്റെ പിതാവ്. "

നമ്മുടെ ലളിതഗാന ശാഖയുടെ തുടക്കക്കാരൻതന്നെ പി ഭാസ്കരനാണെന്ന് പറയുമ്പോൾ അതിൽ അക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയം വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല. ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായാണ് പാട്ടുകൾ ലളിതവൽക്കരിക്കുക എന്ന ആശയം ഉണ്ടായതെന്ന് ഭാസ്കരൻ മാസ്റ്റർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.ഈണങ്ങൾക്കൊപ്പിച്ച് വരികൾ ഉണ്ടാക്കിയിരുന്ന ആദ്യകാലത്തു തന്നെ ആ വരികൾ ശുദ്ധമലയാളത്തിലാവണമെന്നും അതിൽ കവിതാഭംഗി ഉണ്ടാകണമെന്നും അദ്ദേഹം നിഷ്കർഷിച്ചു. പിൽക്കാലത്ത് മലയാള ലളിതഗാനശാഖയിലേക്ക് കടന്നുവന്നവരെല്ലാം അദ്ദേഹത്തിന്റെ വഴി പിന്തുടർന്നു എന്നു പറഞ്ഞാൽ തെറ്റാവില്ല.

"1935 മുതൽ 1947 വരെ മലയാള കവിതയിൽ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന അനിഷേദ്ധ്യ ചക്രവർത്തിത്വം പിന്നീടനുഭവിച്ചത് പി ഭാസ്കരനായിരുന്നു" എന്ന് അക്കിത്തം പറയുന്നുണ്ട്.

ചലച്ചിത്രഗാനങ്ങൾ, അല്ലെങ്കിൽ ലളിതഗാനങ്ങൾ, സാഹിത്യത്തിന്റെ ദൃഷ്ടിയിൽ മ്ലേച്ഛമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വലിയ നിരൂപകർ ഗാനരചയിതാക്കൾ കൂടിയായ കവികളെ സിനിമാപ്പാട്ടെഴുത്തുകാർ എന്നുപറഞ്ഞ് പരോക്ഷമായി പരിഹസിച്ചു. അങ്ങനെയൊരവസ്ഥയിൽനിന്ന് ഈ പാട്ടുശാഖയെ വിലപ്പെട്ടതാക്കിത്തീർക്കുന്നതിൽ പി ഭാസ്കരൻ വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളെ സാമാന്യമായി ഒന്ന് വർഗ്ഗീകരിച്ചാൽ പ്രണയഗാനങ്ങൾ, ഭക്തിഗാനങ്ങൾ, വിപ്ലവഗാനങ്ങൾ, സ്വാതന്ത്ര്യസമരഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ ഇങ്ങനെ പലതിലേക്കും കടന്നുചെല്ലുന്നതായി കാണാം. ദേശഭക്തി ഗാനങ്ങളുടെ നീണ്ട നിരതന്നെ നമുക്ക് കണ്ടെത്താൻ കഴിയും. വളരെ ലളിതമായ ഭാഷയിലൂടെ ഒരാശയം എങ്ങനെ ഒരു മനുഷ്യന്റെ ഉള്ളിലെത്തിക്കാം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
' ഞാൻ പിറന്ന തറവാടും
ഞാൻ വളർന്ന കളിവീടും
ഞാനടിയും ചുടുകാടും ഭാരതം'.
എന്ന ഗാനം ശ്രദ്ധിക്കുക ഈ ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ വരികൾക്കുള്ളിൽ അദ്ദേഹം നിറച്ചുവച്ചിരിക്കുന്ന സ്വന്തം ദേശത്തോടുള്ള വൈകാരികത നമ്മുടെ ആഘോഷിക്കപ്പെട്ട പല ഗാനങ്ങളിലും കാണാൻ കഴിയില്ല. ' നമ്മുടെ ഭാരതം ഉലകിൻ നടുവിലെ നന്ദന മലർവാടിയാണെന്ന് പറയുമ്പോൾ അത് ഭാരതത്തിട്നെ പ്രകൃതിരമണീയതയിലേക്കും പച്ചപ്പിലേക്കും നമ്മെ നയിക്കുന്നു. സിനിമയ്ക്കുവേണ്ടി അദ്ദേഹം രചിച്ച 'ഭാരതമെന്നാൽ പാരിൻ നടുവിൽ' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും ദേശഭക്തി ഗാനമായി മാറി.
'ഭാരതമെന്നാൽ പാരിൻ നടുവിൽ
കേവലമൊരു പിടി മണ്ണല്ല
ജനകോടികൾ നമ്മെ നാമായ്
മാറ്റിയ
ജന്മഗൃഹമല്ലോ' എന്ന ഗാനം വളരെ വിശദമായി പഠിക്കപ്പെടേണ്ടതാണെന്ന് ഞാൻ വിചാരിക്കുന്നു.  "ദേശീയപ്രസ്ഥാനത്തിന്റെ ഉല്പന്നമാണ് പി ഭാസ്കരൻ" എന്ന് എം എൻ കാരശ്ശേരി പറയുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികളുടെയും ഭരണകർത്താക്കളുടെയും കടമയെന്താണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
"കൂരകൾ തോറും നമ്മുടെ
കൈത്തിരി
കൂരിരുൾ കീറിമുറിക്കട്ടെ"
ഇവിടെ പ്രയോഗിക്കപ്പെടുന്നത് പദങ്ങളെല്ലാം രാഷ്ട്രീയ വിശകലനത്തിനു വിധേയമാക്കേണ്ടതല്ലേ?
'വിരുന്നുവന്നവർ ഭരണംപറ്റി
മുടിഞ്ഞുപണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും
വിശ്രമമില്ലിനി മേൽ'
എന്ന് സിനിമയിലെ ഒരു കഥാപാത്രത്തെക്കൊണ്ട് പാടിക്കുന്നതാണെങ്കിലും അതിൽ നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ വീക്ഷണം ശ്രദ്ധിക്കുമ്പോഴാണ് തനിക്ക് പറയാനുള്ള കാര്യം ഒരു കഥാപാത്രത്തെക്കൊണ്ട് പാടിക്കുകയല്ലേ എന്ന് നമുക്ക് തോന്നുക. സ്വതന്ത്ര ഇന്ത്യയുടെ ആദ്യഘട്ടത്തിൽ ഇന്ത്യയെ പുനര്നിര്മ്മിക്കാനുള്ള ആഹ്വാനം കൂടിയാണീ പാട്ട്. ഇങ്ങനെ നിരവധി ഗാനങ്ങൾ.
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനുമുമ്പ്,മലബാർ, കൊച്ചി, തിരുവിതാംകൂർ  പ്രദേശങ്ങളെ യോജിപ്പിക്കുക എന്ന രാഷ്ട്രീയ  ആവശ്യത്തിന്റെ മുന്നിലും ഭാസ്കരൻ മാസ്റ്ററുടെ പാട്ട് മുഴങ്ങിക്കേട്ടു.
"പദം പദം ഉറച്ചു നാം
പാടിപ്പാടിപ്പോവുക
പാരിലൈക്യ കേരളത്തിൻ
കാഹളം മുഴക്കുവാൻ"
എന്ന ഗാനം അറിയപ്പെട്ടത്‌ തന്നെ ഐക്യകേരളം ഗാനമെന്നാണ്.
'പോരുവിൻ യുവാക്കളെ
ചേരുവിൻ സഖാക്കളെ
ചോരയെങ്കിൽ ചോരയാലീ
കേരളം വരയ്ക്കുവാൻ'
എന്ന വരികൾ ഏറ്റുപാടാത്തവരായി അക്കാലത്താരുമുണ്ടാവില്ല. തന്റെയുള്ളിലെ സ്വാതന്ത്ര്യബോധം, വിപ്ലവബോധം ഒന്നും സങ്കുചിതമായ ചിന്തകളായിരുന്നില്ല. വിശാലമായ ഒരു സ്വാതന്ത്രലോകത്തെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അതിനുവേണ്ടിയാണ് എഴുതിയത്, പാടിയത്. പുന്നപ്രവയലാർ സമരത്തിനു ശേഷം അദ്ദേഹം എഴുതിയ ' വയലാർ ഗർജ്ജിക്കുന്നു' എന്ന കവിത കേരളത്തിന്റെ വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ കവിയുടെ ശംഖൊലിയായി. സിനിമയ്ക്കും അല്ലാതെയും എല്ലാം അദ്ദേഹം എഴുതിയ വിപ്ലവഗാനങ്ങളിലെല്ലാം തന്റെ ആശയപരമായ പക്ഷം അദ്ദേഹം വ്യക്തമാക്കി. എം എൻ വിജയൻ ഇങ്ങനെ പറയുന്നു. "വിപ്ലവ കവിതയുടെ രൂപഭാവങ്ങൾ നിർമ്മിക്കുന്നതിൽ ഭാസ്കരൻ മാസ്റ്റർ നൽകിയിടത്തോളം ഇന്ധനം ആരും നൽകിയിട്ടില്ല. വിപ്ലവകാരികളെ കവിതയിൽ എത്തിക്കുക എന്ന ദൗത്യം 'വയലാർ ഗർജ്ജിക്കുന്നു എന്ന ഖണ്ഡകാവ്യം നിർവ്വഹിച്ചു. നമ്മുടെ Political poetry യുടെ ആദ്യത്തെ വലിയ ഒരളവിൽ കുറ്റമറ്റതുമായ മാതൃകയാണത്". 'ജോർജ്ജ് ചടയംമുറി'എന്ന കവിതയിലൂടെ ഒരു ജനകീയ നേതാവിനെ കവിതയിൽ കൊണ്ടുവരിക എന്ന സാഹസികതയാണ് അദ്ദേഹം കാണിച്ചത്.

പി ഭാസ്കരന്റെ ഗാനലോകത്തിന്റെ ഒരരികിലൂടെ സഞ്ചരിക്കാനേ കഴിയൂ. കാരണം അതിന്റെ വൈപുല്യം മാത്രമല്ല അത് കടന്നു പോകുന്ന ജീവിതപരിസരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുതന്നെയും ഇനിയും ധാരാളം പഠനങ്ങൾ വരേണ്ടതായുണ്ട്. ഓരോ ശാഖയിലും അദ്ദേഹം സ്പർശിക്കുമ്പോൾ അതിന് ഒരു ജൈവാവസ്ഥ കൈവരുന്നു. നമ്മൾ അതുവരെ പറഞ്ഞുവന്നതിൽനിന്നും പിന്നെയും നമ്മെ മുന്നോട്ടു നയിക്കുന്നു അത്.

മാപ്പിളപ്പാട്ടുകളെ തൊടുമ്പോൾ അദ്ദേഹം ആ ശാഖയുടെ ഗതിയിൽത്തന്നെ മാറ്റങ്ങളുണ്ടാക്കുന്നു. മാപ്പിളപ്പാട്ട് നിയമങ്ങൾ തെറ്റിക്കാതെതന്നെ അദ്ദേഹം അതിനെ പുതുക്കിപ്പണിയുന്നു. 1921 ലെ മലബാർ ലഹളയെക്കുറിച്ചുതന്നെ മാപ്പിളപ്പാട്ടെഴുതിയിട്ടുണ്ടെന്ന് മാത്രമല്ല അന്നത്തെ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും ചെയ്തു. മലബാറിലെ മാപ്പിളമാരുടെ മനസ്സിനുള്ളിൽ കയറിയിരുന്നാണ് അദ്ദേഹം പാട്ടുകൾ എഴുതിയത്. 'വെറുതെ ഞാനെന്തിനെതിരെയും വെയിലത്ത് കയിലുംകുത്തി നടക്ക്ണ്' എന്ന വരികളിൽ 'കയിലും കുത്തി നടക്കുക' എന്ന പ്രയോഗത്തിൽ തനി മലബാറുണ്ട്. 'കയിൽ' എന്ന വാക്കുപോലും കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഒരുപക്ഷേ കാണില്ല. നമ്മുടെ നിരാശാകാമുകൻ എക്കാലത്തും മനസ്സിൽ വിചാരിച്ചിട്ടുള്ള കാര്യമാണ്. "വെറുതെ ഇങ്ങനെ മോഹിപ്പിക്കാനോ? നിന്റെ വിചാരം വേറെയാണെങ്കിൽ" എന്നത്.

'കായലരികത്ത്' എന്ന പാട്ടിനെ മാറ്റിവച്ചുകൊണ്ട് മാപ്പിളപ്പാട്ടിന്റെ ചരിത്രം എഴുതാൻ ഇനി കഴിയുമോ?  ആ പാട്ടുശാഖയ്ക്ക് ദീർഘമായ ചരിത്രമുണ്ടെങ്കിലും ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ ഭാസ്കരൻ മാസ്റ്റർ പാട്ടിൽ കേറി ഇടപെടുന്നു. അദ്ദേഹത്തിന്റെ ചലച്ചിത്രഗാന പ്രവേശം പോലും മാപ്പിളപ്പാട്ടിലൂടെയാണ്. 1949 ൽ അപൂർത സഹോദരർകൾ എന്ന ചലച്ചിത്രത്തിലെ ഒരു ഗാനത്തിലെ ഒരു ചരണം.
"കടക്കണ്ണിൻ തലപ്പത്ത്
കറങ്ങും പണ്ടേ
കളിച്ചുംകൊണ്ട് പറക്കു
ന്നതെന്തിനോ വണ്ടേ
പൂതിയെഴുന്നൊരു കരിവരിവണ്ടേ
പൂമരമിന്നു വിരിഞ്ഞത് കണ്ടേ
കനിവറ്റ കരിമിഴി ചതിച്ചു പൊന്നേ"
കാരശ്ശേരി മാസ്റ്റർ ഒരു കാര്യം സൂചിപ്പിക്കുന്നുണ്ട്.
"എന്തിനാണ് പൂങ്കരളേ
പന്തിരണ്ടിലാക്ക്ണ്
എപ്പോഴാണീ പൂമരം
വിരിഞ്ഞു തേൻ കുടിക്കണ്"
എന്ന വരികൾ വലിയ പ്രചാരം നേടി. ഏതോ പ്രാചീനമായ പാട്ടിലെ വരികളാണെന്ന് ആളുകൾ ധരിച്ചു പോകുന്നത്ര പ്രചാരം ആ വരികൾക്ക് ലഭിച്ചുവെന്ന് കാരശ്ശേരി പറയുന്നു. നീലക്കുയിലിന് മുമ്പായി മറ്റൊരു സിനിമയിൽ അദ്ദേഹം മാപ്പിളപ്പാട്ടെഴുതിയിട്ടുണ്ടെങ്കിലും 'കായലരികത്ത്' എന്ന പാട്ടാണ് മുസ്ലീം അകത്തളങ്ങളിൽനിന്ന് മാപ്പിളപ്പാട്ടിനെ പൊതുധാരയിലെത്തിച്ചത് എന്ന നിരീക്ഷണം ഉണ്ട്. മാപ്പിളപ്പാട്ടിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഒരു പ്രത്യേക വിഷയം തന്നെയാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അദ്ദേഹത്തിന്റെ കാവ്യപാടവം സഞ്ചരിച്ചു. അവിടെയെല്ലാം തന്റേതായ മുദ്രകൾ പതിപ്പിച്ചു. പ്രണയം, വിരഹം, ഭക്തി, തമാശ എന്നിങ്ങനെ ഇനിയും വകഭേദങ്ങൾ ഉണ്ട്. ബാബുരാജുമായി ചേർന്നൊരുക്കിയ പ്രണയഗാനങ്ങൾ ഒരർത്ഥത്തിൽ മലയാള ഗസലുകളാണ്. ഉറുദു ഭാഷയിലെ ഗസലുകളുടെ പൂർണ്ണമായ അർത്ഥം ഗ്രഹിക്കുമ്പോഴേ മലയാളഗാനത്തിൽ ഭാസ്കരൻ മാസ്റ്റർ ചെയ്തുവച്ചതിനെക്കുറിച്ച് നമുക്ക് കൂടുതൽ ബോദ്ധ്യമാവൂ. ഓരോ കഥാപാത്രത്തിന്റെയും സംസ്കാരത്തിനനുസരിച്ച് പ്രണയത്തിന് അദ്ദേഹം വൈവിദ്ധ്യം നല്കി. മറ്റു പല എഴുത്തുകാരും തങ്ങൾ എഴുതുന്ന ഗാനങ്ങളിൽ സ്വന്തം മുദ്ര സൂക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഭാസ്കരൻ മാസ്റ്റർ താരൻ ഒരു കഥാപാത്രത്തിനുവേണ്ടിയാണെഴുതുന്നതെന്നും ആ കഥാപാത്രത്തിന്റെ വിവിധ വികാരങ്ങൾ ആവിഷ്കരിക്കാൻ ആ വ്യക്തിയുടെ സാംസ്കാരികാടിത്തറ ഉൾക്കൊള്ളേണ്ടതുണ്ടെന്നും നമുക്ക് മനസ്സിലാക്കിത്തന്നു.

പദങ്ങളുടെ പുതിയ പുതിയ ചേരുവകൾ തന്നെ സൃഷ്ടിച്ചു അദ്ദേഹം. 'മഞ്ഞളരച്ചുവച്ചു നീരാടുന്ന മഞ്ഞണിപ്പൂനിലാവും' 'കനകക്കിനാവിന്റെ കരിമ്പിൻ തോട്ടവും' 'പാട്ടിന്റെ പാലാഴിയും' 'നാദബ്രഹ്മത്തിൻ സാഗരവും' 'നാഴിയുരിപ്പാലും' ഇങ്ങനെ പല പ്രയോഗങ്ങളും നമ്മുടെ തലക്കെട്ടുകളായി. ഇതൊക്കെ ഭാസ്കരൻ മാസ്റ്റർ സൃഷ്ടിച്ചതാണെന്നറിയാതെതന്നെ നമ്മൾ ആഘോഷിച്ചു. എന്റെ എസ് എസ് എൽ സി കാലത്ത് ഓട്ടോഗ്രാഫിൽ എല്ലാവരും എഴുതുന്ന ഒരു വാചകം ഉണ്ട്. 'ഓർക്കുക വല്ലപ്പോഴും' പി ഭാസ്കരന്റെ ഒരു കവിതയുടെ പേരാണത് എന്നെനിക്കും കൂട്ടുകാർക്കും അറിയില്ലായിരുന്നു.

ഭക്തിഗാനങ്ങളിലൂടെ അക്കാലത്തെ സ്ത്രീയുടെ പാരതന്ത്ര്യം ദുഃഖം അദ്ദേഹം പറഞ്ഞുവച്ചു. പഴയ തറവാടുകളുടെ ഉള്ളറകളിൽ മിണ്ടാൻ പോലും പാടില്ലാതെ കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് അവരുടെ ദുഃഖങ്ങൾ ദൈവത്തോടു മാത്രമേ പങ്കുവയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. സിനിമയ്ക്കായി അദ്ദേഹം രചിച്ച ഭക്തിഗാനങ്ങളിലൂടെ കടന്നുപോയാൽ അന്നത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള അറിവുകൂടിയാവും അത്.
'ദുരിതത്തിൽ നീന്തുമെന്നെ
സുകൃതത്തിൻ തീരം കാട്ടാൻ
മുരഹര മുകുന്ദാ നീ ഓടിവായോ'
എല്ലാ ദുഖങ്ങളും സമർപ്പിക്കുന്ന ഇടമായി ഭഗവാൻ ശ്രീകൃഷ്ണൻ. ഭാസ്കരൻ മാസ്റ്ററുടെ രചനയിൽ ശ്രീകൃഷ്ണന് ഒരുപാട് ഭാവങ്ങൾ കൈവരിച്ചു. മറ്റു പലരുടെയും പാട്ടുകൾ വന്നുപോയിട്ടും ഭാസ്കരൻ മാസ്റ്ററുടെ രചനകൾ നമ്മുടെ മനസ്സിൽനിന്നും നാവിൽനിന്നും ഇറങ്ങിപ്പോയില്ല. അതിന്റെ ഒരു കാരണം അതിന്റെ അടിമുടി പ്രതിബിംബിക്കുന്ന കേരളീയതയാണ്. ഭാസ്കരൻ മാസ്റ്റർ മരിച്ച ദിവസം കോഴിക്കോട്ടു നടന്ന അനുശോചന യോഗത്തിൽ എം ടി വാസുദേവൻ നായർ പറഞ്ഞത് ഓർത്തു പോവുകയാണ്.
" എല്ലാം നഷ്ടപ്പെടുന്നു എന്ന നാം വിലപിക്കുന്ന ഇക്കാലത്ത് നമുക്ക് നഷ്ടപ്പെടുന്നതിനെക്കുറിച്ചെല്ലാം ഭാസ്കരൻ മാസ്റ്ററുടെ പാട്ടുകൾ നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും."
പി ഭാസ്കരന്റെ ഗാനലോകം വളരെ വിപുലമായതാണ് എന്ന തുടക്കത്തിൽ സൂചിപ്പിച്ചു. ആ സാഗരത്തിന്റെ മഹാതീരത്ത് ഒന്ന് സ്പർശിക്കാനേ എനിക്ക് കഴിയൂ. ഓരോ പാട്ടിനെക്കുറിച്ചും വിശദമായി പറയേണ്ടതുണ്ട്. ഓരോ ഗാനത്തിന്റെയും വ്യത്യസ്താനുഭവങ്ങൾ കൊണ്ടു നടക്കുന്നുണ്ട് മലയാളി. അതിൽസംഗീതം , താളം, ഭാഷ എല്ലാം കടന്നുവരുന്നു.
ഭാസ്കരൻ മാസ്റ്ററുടെ പാട്ടുകൾ കൈയിൽ കിട്ടിയാൽ ഒന്നു വായിക്കുകയേ വേണ്ടൂ അത് ഈണമായി എന്ന് രാഘവൻ മാസ്റ്റർ പറയാറുണ്ട്. സംഗീതം അതിനുള്ളിൽത്തന്നെയുണ്ട് എന്ന് പറയും അദ്ദേഹം. നമ്മളത് കണ്ടെത്തിയാൽ മാത്രം മതി എന്ന്. കേരളീയതയെക്കുറിച്ചുള്ള ന്വേഷണങ്ങളിലും കേരളീയ സംഗീതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലും എല്ലാം ഭാസ്കരൻ മാസ്റ്റർകടന്നുവരും . സാദാരണക്കാരന്റെ ഭാവനകളും അവന്റെ സ്വപ്നങ്ങളും അവന്റെ മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം ആ ഗാനങ്ങളിൽ തുടിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ചരമക്കുറിപ്പിൽ ഒ എൻ വി ഇങ്ങനെ എഴുതി:
"എന്റെ ജ്യേഷ്ഠസുഹൃത്ത് പടിയിറങ്ങിപ്പോകുന്നത് മരണത്തിലേക്കല്ല. ചരിത്രത്തിലേക്കാണ്. കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെയും സംസ്കാര പരിണതിയുടെയും ചരിത്രത്തിലേക്ക്".

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി ടി മുരളി
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആ മലർക്കാലത്തിൻ ഓർമ്മകളിൽ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട