സമ്പൂർണ്ണ ജൈവകൃഷിരീതികൾ

199 159

കൃത്രിമ കീടനാശിനികളും മാരക രാസവസ്തുക്കളും ഒഴിവാക്കി പ്രായോഗികതയിലൂന്നി നില്ക്കുന്ന സമ്പൂർണ്ണ ജൈവകൃഷിരീതികൾ.

Out stock

Out of stock

Author: പി ജെ ജോസഫ്

ഭക്ഷണം ഒരു അത്ഭുതൗഷധം എന്നാണ് പറയാറ്. എന്നാലിന്ന് കഴിക്കുന്ന ഭക്ഷണം തന്നെ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലേ എന്നാണ് പൊതുസമൂഹം ആശങ്കപ്പെടുന്നത്. ഈ ആശങ്കയകറ്റാന്‍ ഒരേയൊരു പോംവഴിയാണ് ജൈവകൃഷി. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷിരീതി എന്നതിലപ്പുറം പ്രകൃതിയോടിണങ്ങി, പ്രകൃതിയുടേതായ വഴികളില്‍ കാര്‍ഷികവൃത്തി അനുഷ്ഠിക്കുന്ന ഒരു ജീവിതശൈലിയാണ് ജൈവകൃഷി. ഒട്ടേറെ വൈവിധ്യങ്ങളുള്ള ജൈവകൃഷിരീതികളെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് പി ജെ ജോസഫ് രചിച്ച ഗ്രന്ഥമാണ് സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍.കൃത്രിമ കീടനാശിനികളും ഹാനികരങ്ങളായ രാസവസ്തുക്കളും ഉപയോഗിക്കാതെ പ്രകൃതിയോടിണങ്ങി നിന്നുകൊണ്ട് ഏറ്റവും ശുദ്ധമായ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാവുന്ന കൃഷിരീതികള്‍ വിശദമാക്കുന്ന ഗ്രന്ഥം. ഇന്നു കേരളത്തില്‍ പ്രചുര പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര കൃഷിരീതിയായ അഗ്നിഹോത്രവും ഹോമാഫാമിങ്ങും അതിലളിതമായതും നേരിട്ടു ലഭിക്കുന്നതുമായ വസ്തുക്കളുപയോഗിച്ചുള്ള അഹിംസാ കൃഷിയും നാടന്‍ പശുവിനും പശു ഉത്പന്നങ്ങള്‍ക്കും പ്രാധാന്യമുള്ള ഋഷികൃഷിയും ഒക്കെ ഈ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുന്നു. കൃഷിയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും താല്‍പര്യത്തോടെ കാണുന്നവര്‍ക്കും വിജ്ഞാന കുതുകികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒട്ടേറെ പ്രായോഗിക അറിവുകള്‍ പകരുന്ന കൃതി.

ജൈവകൃഷിയും ജൈവവിപണിയും വളരെയധികം ഉഷാറായിക്കൊണ്ടിരിക്കുന്ന സമയത്ത് പൗരാണികകാലം മുതല്‍ ഭാരതത്തില്‍ അനുവര്‍ത്തിച്ചിരുന്നതും ഇന്ന് ലോകത്തിന്റെ പലഭാഗത്ത് പ്രചാരത്തില്‍ ഇരിക്കുന്നതുമായ ഏതാനും നാടന്‍ കൃഷിരീതികളുടെ പരിഷ്‌കൃതരൂപമാണ് പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. അഗ്നിശുദ്ധി ചെയ്ത് അന്തരീക്ഷമലിനീകരണം അകറ്റുന്ന ഹോമാ തെറാപ്പിയിലെ, അതിപുരാതനവും ലളിതവുമായ അഗ്നിഹോത്രമുപയോഗിച്ച് ചെയ്യുന്ന ഹോമാ ഓര്‍ഗാനിക് ഫാമിങ്, പശുവിന് പ്രാധാന്യമുള്ള ഋഷികൃഷി, മസനോബു ഫുക്കുവോക്ക പ്രചാരം നല്‍കിയ പ്രകൃതികൃഷി, എല്ലാ ജീവജാലങ്ങളും സൂര്യചന്ദ്രന്മാരുടെ സ്വാധീനത്തില്‍ വരുന്നതാണെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ബയോഡൈനമിക് ഫാമിങ്, സുഭാഷ് പലേക്കര്‍ വികസിപ്പിച്ചെടുത്ത പ്രകൃതി സൗഹൃദകൃഷി അഥവാ സീറോ ബഡ്ജറ്റ് നാച്ചുറല്‍ ഫാമിങ് എന്നിവയെ സമഗ്രമായി അവതരിപ്പിക്കുന്ന കൃതിയാണ് സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍.

മനുഷ്യന്റെ ജീവിതാവശ്യങ്ങള്‍ക്കു പൂരകമായി ഉത്പാദനം നടത്തുകയും, പ്രകൃതിവിഭവങ്ങളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുകയും ചെയ്യുന്ന സംയോജിത കൃഷിരീതിയെയും സമ്പൂര്‍ണ്ണ ജൈവകൃഷിരീതികളില്‍ വിശദമാക്കുന്നു. ‘സ്പിരിച്വല്‍ ഫാമിങ്’, ‘അഹിംസകൃഷി’ തുടങ്ങിയവയെക്കുറിച്ച് തനി നാടന്‍ ഭാഷയില്‍ ഉദാഹരണസഹിതം വിവരിക്കുന്നത് ജൈവകൃഷിയെ പ്രവൃത്തിപഥത്തിലെത്തിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും തികച്ചും പ്രയോജനപ്രദമാകും വിധമാണ്.

ഇന്ന് ആസ്‌ട്രേലിയ, പെറു, പോളണ്ട്, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിരിക്കുന്ന അഗ്നിഹോത്രഹോമാഫാമിങ്ങിനെപ്പറ്റിയും അഗ്നിഹോത്രലായനിയുടെ അപാരമായ കഴിവുകളെപ്പറ്റിയും ഗ്രന്ഥകാരന്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നുതന്നെ രേഖപ്പെടുത്തുന്നു. പഞ്ചഗവ്യലായനി, ജീവാമൃതം, ബീജാമൃതം, സി പി പി അഥവാ കൗ പിറ്റ് പാറ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് തുടങ്ങിയവ ഓരോന്നിന്റെയും നിര്‍മ്മാണവും പ്രയോഗിക്കേണ്ട രീതിയും പി ജെ ജോസഫ് വിവരിക്കുന്നു. ‘നിമാസ്ത്രം’, ‘ബ്രഹ്മാസ്ത്രം’,’അഗ്നി അസ്ത്രം,”ദശപര്‍ണ്ണികഷായം’ തുടങ്ങിയ ജൈവകീടനാശിനികളെയും ഇത്തരത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. മരച്ചീനി, തെങ്ങ്, വാഴ, പയര്‍, പ്രധാന പച്ചക്കറികള്‍ തുടങ്ങിയവ തികച്ചും ജൈവമായി കൃഷിചെയ്ത് നല്ല വിളവ് ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകം പങ്കുവയ്ക്കുന്നു. ഇന്ന് ഏറ്റവുമധികം പ്രയോജനപ്രദമായ മട്ടുപ്പാവിലെ കൃഷിരീതിയും പി ജെ ജോസഫ് വിവരിക്കുന്നുണ്ട്.

കൃഷിമന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നതുകൊണ്ട് മാത്രം കര്‍ഷകര്‍ക്ക് പ്രയോജനം പൂര്‍ണ്ണമാകില്ലെന്നറിയാവുന്ന ഗ്രന്ഥകാരന്‍ ഉത്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ വിപണനതന്ത്രവും ജൈവസാക്ഷ്യപത്രം നേടേണ്ടരീതിയും അവസാന അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു. കൂടാതെ നെല്ല്, നാളികേരം തുടങ്ങിയവയില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സമ്പൂർണ്ണ ജൈവകൃഷിരീതികൾ”

Vendor Information