ഒരു പുഴ ഒരു സുപ്രഭാതത്തിൽ ഒഴുകിവരുന്നതല്ല. ഒരു നീരുറവ, ചെറുതായി കിനിയുകയാണ്, മെല്ലെ ഒഴുകിത്തുടങ്ങുകയാണ്. പോകെപ്പോകെ, തടംതല്ലിയാർത്ത്, കടന്നുപോകുന്ന വഴികളെ അത് ഫലസമൃദ്ധമാക്കും. അതാണ് ഒരു പുഴയുടെ നിയോഗം!
അശ്വതി ശ്രീകാന്തിന്റെ കഥാലോകത്തിലുമുണ്ട്, നന്മയുടെ, തനിമയുടെ, നേരിന്റെ, നെറിയുടെ പ്രവാഹം. അരികുചേർന്നു നിൽക്കുന്ന ജീവിതങ്ങളെ തലോടി, നീർപാറ്റിയുണർത്തി എന്തെങ്കിലുമൊക്കെ ആക്കിത്തർക്കുന്ന സർഗ്ഗചേതനയുടെ ഊർജ്ജപ്രവാഹമാണിത്. ആഖ്യാനത്തിന്റെ ചാരുതയ്ക്കൊപ്പം മിന്നിമായുന്ന സൂക്ഷ്മഭാവങ്ങളെ കയ്യെത്തിപ്പിടിക്കാതിരിക്കില്ല സഹൃദയർ.
കാലം കടന്നുപോകുന്ന വഴികളിലൂടെയല്ല, കാലത്തിനൊപ്പം സഞ്ചരിച്ച മാന്ത്രികപ്പരവതാനിയിലിരുന്നാണെഴുത്ത്. ഓർമ്മകളിൽ നിന്ന് ചിത്രങ്ങൾ മാത്രമല്ല, തന്നെ പുണർന്ന ഗന്ധങ്ങൾ കൂടി അനുഭവിപ്പിക്കുന്നുണ്ട് കഥകൾ. ഒരു പെൺകുട്ടിയെ ജീവശാസ്ത്ര പുസ്തകം പഠിപ്പിക്കേണ്ട പാഠം എന്തെന്നും, ജീവിതം പഠിപ്പിക്കുന്ന പാഠം, എഴുത്തറിവുകളെക്കാളും കേട്ടറിവുകളേക്കാളും മെച്ചമെന്നും പറയുന്നുണ്ട്; പ്രായപൂർത്തിയെത്തിയ ഈ പതിനെട്ടു കഥകൾ!
Reviews
There are no reviews yet.